ആകാശത്തിലെ പക്ഷികൾ
വേനൽക്കാല സൂര്യൻ ഉദിച്ചുയർന്നപ്പോൾ, മുറ്റത്തു നിൽക്കുന്ന എന്നെ കണ്ടു പുഞ്ചിരിച്ചുകൊണ്ട് എന്റെ അയൽക്കാരൻ വന്നു നോക്കാൻ എന്നോടു മന്ത്രിച്ചു. “എന്ത്?” കൗതുകത്തോടെ ഞാൻ തിരിച്ചു മന്ത്രിച്ചു. അവൾ അവളുടെ പൂമുഖത്തെ ഒരു കാറ്റ് മണി (വിൻഡ് ചൈം) ചൂണ്ടിക്കാണിച്ചു, അവിടെ ഒരു ചെറിയ ഒരു ലോഹ സ്റ്റാൻഡിന്മേൽ വൈക്കോൽകൊണ്ടുള്ള ഒരു കപ്പ് ഇരിപ്പുണ്ടായിരുന്നു. “ഒരു ഹമ്മിംഗ് ബേർഡിന്റെ കൂട്,” അവൾ മന്ത്രിച്ചു. “കുഞ്ഞുങ്ങളെ കണ്ടോ?” പല്ലുകുത്തികൾ പോലെ ചെറുതായ രണ്ട് കൊക്കുകൾ മുകളിലേക്ക് നീണ്ടിരിക്കുന്നത് സൂക്ഷിച്ചുനോക്കിയാൽ കാണാമായിരുന്നു. “അവർ അമ്മയെ കാത്തിരിക്കുന്നു.” ഞങ്ങൾ അത്ഭുതത്തോടെ അവിടെ നിന്നു. ഫോട്ടോ എടുക്കാൻ ഞാൻ മൊബൈൽ ഫോൺ ഉയർത്തി. “അടുത്തു ചെല്ലരുത്,” എന്റെ അയൽക്കാരി പറഞ്ഞു. “അമ്മയെ പേടിപ്പിച്ചോടിക്കരുത്.” അതോടുകൂടി, ഞങ്ങൾ ഒരു ഹമ്മിംഗ് ബേർഡ് കുടുംബത്തെ - അധികം അകലത്തുനിന്നല്ലാതെ - ദത്തെടുത്തു.
പക്ഷേ അധികനാളത്തേക്കായിരുന്നില്ല. ഒരാഴ്ചയ്ക്കുള്ളിൽ, അമ്മ പക്ഷിയും കുഞ്ഞുങ്ങളും പോയി -—അവർ വന്നതുപോലെതന്നേ നിശബ്ദമായി. എന്നാൽ ആരാണ് അവരെ പരിപാലിക്കുക?
ബൈബിൾ മഹത്വകരമായ, എന്നാൽ പരിചിതമായ ഒരു ഉത്തരം നൽകുന്നു. ഇത് വളരെ പരിചിതമായതിനാൽ അത് വാഗ്ദാനം ചെയ്യുന്നതെല്ലാം നാം വേഗത്തിൽ മറന്നേക്കാം: “നിങ്ങളുടെ ജീവന്നായിക്കൊണ്ടും ... വിചാരപ്പെടരുതു,” യേശു പറഞ്ഞു (മത്തായി 6:25). ലളിതവും എന്നാൽ മനോഹരവുമായ നിർദ്ദേശം. “ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു” അവിടുന്നു കൂട്ടിച്ചേർത്തു (വാ. 26).
ദൈവം ചെറിയ പക്ഷികളെ പരിപാലിക്കുന്നതുപോലെ, അവൻ നമ്മെ പരിപാലിക്കുന്നു - മനസ്സിലും ശരീരത്തിലും ദേഹിയിലും ആത്മാവിലും നമ്മെ പരിപോഷിപ്പിക്കുന്നു. അതൊരു അതിമഹത്തായ വാഗ്ദത്തമാണ്. നമുക്ക് ദിവസേന അവങ്കലേക്കു നോക്കാം - ആകുലപ്പെടാതെ - എന്നിട്ട് ഉയരത്തിൽ പറക്കാം.
വ്യത്യസ്തമായ ഒരു ഭാവി ദർശനം കാണുക
അമേരിക്കയിലെ നിയോഡേശാ എന്ന ചെറുപട്ടണത്തിലെ മുന്നൂറ് മിഡിൽ, ഹൈസ്കൂൾ വിദ്യാർത്ഥികൾ ഒരു സർപ്രൈസ് സ്കൂൾ അസംബ്ലിയിൽ പങ്കെടുത്തു. തങ്ങളുടെ പട്ടണവുമായി ബന്ധമുള്ള ദമ്പതികൾ അടുത്ത ഇരുപത്തിയഞ്ചു വർഷത്തേക്ക് ഓരോ നിയോഡേശ വിദ്യാർത്ഥിക്കും കോളേജ് ട്യൂഷൻ ഫീസ് നൽകാൻ തീരുമാനിച്ചതായി കേട്ടപ്പോൾ അവർ അവിശ്വാസത്തോടെ ഇരുന്നു. വിദ്യാർത്ഥികൾ സ്തംഭിച്ചു, സന്തോഷിച്ചു, കണ്ണീരണിഞ്ഞു.
നിയോഡേശ സാമ്പത്തികത്തകർച്ചയിലൂടെ കടന്നുപോകുകയായിരുന്നു. അത്, പല കുടുംബങ്ങളെയും കോളേജ് ചെലവുകൾ എങ്ങനെ വഹിക്കുമെന്ന ആശങ്കയിലാഴ്ത്തി. സമ്മാനം ഒരു തലമുറയുടെ ദിശ മാറ്റുന്നതായിരുന്നു, മാത്രമല്ല ഇത് നിലവിലെ കുടുംബങ്ങളെ ഉടനടി ബാധിക്കുമെന്നും മറ്റുള്ളവരെ നിയോഡേശിലേക്കു വരാൻ പ്രേരിപ്പിക്കുമെന്നും ദാതാക്കൾ പ്രതീക്ഷിച്ചു. തങ്ങളുടെ ഔദാര്യം, പുതിയ ജോലിസാധ്യതകൾ, പുതിയ ഊർജസ്വലത, നഗരത്തിന് തികച്ചും വ്യത്യസ്തമായ ഭാവി എന്നിവ നൽകുമെന്ന് അവർ പ്രത്യാശിച്ചു.
തന്റെ ജനം തങ്ങളുടെ ആവശ്യങ്ങൾക്കായി മാത്രം ശ്രദ്ധിച്ചുകൊണ്ട് ജീവിക്കാതെ, ജീവിക്കാൻ പാടുപെടുന്ന അവരുടെ അയൽക്കാർക്ക് ഒരു പുതിയ ഭാവി വിഭാവനം ചെയ്തുകൊണ്ട് ഉദാരമനസ്കരാകാൻ ദൈവം ആഗ്രഹിച്ചു. മാത്രമല്ല ദൈവത്തിന്റെ നിർദ്ദേശങ്ങൾ വ്യക്തമായിരുന്നു: “നിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു നിന്റെ അടുക്കൽവെച്ചു ക്ഷയിച്ചുപോയാൽ, അവൻ തുടർന്നും നിന്റെ അടുക്കൽ പാർക്കേണ്ടതിന് നീ അവനെ താങ്ങേണം” (ലേവ്യപുസ്തകം 25:35). ഔദാര്യം അടിസ്ഥാന ഭൗതിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മാത്രമല്ല, ഒരു സമൂഹമെന്ന നിലയിൽ അവരുടെ ഭാവി ജീവിതത്തിന് എന്ത് ആവശ്യമാണെന്ന് പരിഗണിക്കുന്നതിനെക്കുറിച്ചും ഉള്ളതായിരുന്നു. “അവൻ തുടർന്നും നിന്റെ അടുക്കൽ പാർക്കേണ്ടതിന് നീ അവനെ താങ്ങേണം” (വാ. 35) എന്നു ദൈവം പറഞ്ഞു.
നൽകലിന്റെ ആഴമായ രൂപങ്ങൾ മറ്റൊരു ഭാവിയെ പുനർവിഭാവനം ചെയ്യുന്നു. ദൈവത്തിന്റെ അപാരമായ, സൃഷ്ടിപരമായ ഔദാര്യം, നാമെല്ലാവരും സമ്പൂർണ്ണതയിലും സമൃദ്ധിയിലും ഒരുമിച്ചു ജീവിക്കുന്ന ആ ദിവസത്തിനായി നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
ദുഃഖിതനും നന്ദിയുള്ളവനും
എന്റെ അമ്മ മരിച്ചതിനു ശേഷം, അവളുടെ സഹകാൻസർ രോഗികളിൽ ഒരാൾ എന്നെ സമീപിച്ചു. “നിങ്ങളുടെ അമ്മ എന്നോടു വളരെ ദയയുള്ളവളായിരുന്നു,” അവൾ വിതുമ്പിക്കൊണ്ടു പറഞ്ഞു, “എനിക്ക് പകരം അവൾ മരിച്ചു... എനിക്കു ഖേദമുണ്ട്.”
“എന്റെ അമ്മ നിങ്ങളെ സ്നേഹിച്ചു,” ഞാൻ പറഞ്ഞു. “നിങ്ങളുടെ ആൺമക്കൾ വളർന്നുവരുന്നതു കാണാൻ നിങ്ങളെ അനുവദിക്കണമെന്ന് ഞങ്ങൾ ദൈവത്തോടു പ്രാർത്ഥിച്ചു.” അവളുടെ കൈകൾ പിടിച്ച്, ഞാൻ അവളോടൊപ്പം കരഞ്ഞു, സമാധാനമായി ദുഃഖിക്കുന്നതിന് അവളെ സഹായിക്കാൻ ദൈവത്തോടപേക്ഷിച്ചു. അവളുടെ ഭർത്താവിനെയും വളർന്നുവരുന്ന രണ്ടു കുട്ടികളെയും സ്നേഹിക്കുന്നത് തുടരാൻ അനുവദിച്ച അവളുടെ വിടുതലിനും ഞാൻ ദൈവത്തോടു നന്ദി പറഞ്ഞു.
ഇയ്യോബിന് തന്റെ മക്കളുമുൾപ്പെടെ എല്ലാം നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ദുഃഖത്തിന്റെ സങ്കീർണ്ണത ബൈബിൾ വെളിപ്പെടുത്തുന്നു. ഇയ്യോബ് ദുഃഖിച്ചു, “സാഷ്ടാംഗം വീണു നമസ്കരിച്ചു” (ഇയ്യോബ് 1:20). കീഴടങ്ങലിന്റെ നന്ദികരേറ്റലിന്റെയും ഹൃദയഭേദകവും പ്രതീക്ഷാനിർഭരവുമായ ഒരു പ്രകടനത്തോടെ അവൻ പ്രഖ്യാപിച്ചു, “യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” (വാ. 21). ഇയ്യോബ് പിന്നീട് തന്റെ ദുഃഖത്തിന്റെ കാര്യത്തിലും ദൈവം തന്റെ ജീവിതത്തെ പുനർനിർമ്മിക്കുന്ന കാര്യത്തിലും ശക്തമായ പോരാട്ടം നേരിട്ടുവെങ്കിലും, ഈ നിമിഷത്തിൽ അവൻ നല്ലതും മോശവുമായ സാഹചര്യങ്ങളിൽ ദൈവത്തിന്റെ അധികാരം അംഗീകരിക്കുകയും സന്തോഷിക്കുകയും ചെയ്തു.
വികാരങ്ങളെ നാം കൈകാര്യം ചെയ്യുന്നതും പോരാട്ടം അനുഭവിക്കുന്നതുമായ പല വഴികളും ദൈവം മനസ്സിലാക്കുന്നു. സത്യസന്ധതയോടെയും മുറിപ്പെടത്തക്ക നിലയിലും ദുഃഖിക്കാൻ അവൻ നമ്മെ ക്ഷണിക്കുന്നു. ദുഃഖം അനന്തവും അസഹനീയവുമാണെന്നു തോന്നുമ്പോൾ പോലും, താൻ മാറ്റമില്ലാത്തവനാണെന്നും ദൈവം ഉറപ്പിക്കുന്നു. ഈ വാഗ്ദത്തത്തിലൂടെ, ദൈവം നമ്മെ ആശ്വസിപ്പിക്കുകയും അവന്റെ സാന്നിധ്യത്തിനു നന്ദിയുള്ളവരായിരിക്കാൻ നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
നമ്മുടെ ഹൃദയത്തിന്റെ യഥാർത്ഥ ഭവനം
കുടുംബം 2,200 മൈലിലധികം അകലെയുള്ള ഒരു സ്ഥലത്ത് വേനൽക്കാല അവധി ചിലവഴിച്ച സമയത്ത് “ബോബി ദ വണ്ടർ ഡോഗ്” കുടുംബത്തിൽ നിന്ന് ഒറ്റപ്പെട്ടു. കുടുംബം തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗത്തിനായി എല്ലായിടത്തും തിരഞ്ഞെങ്കിലും അവനെ കാണാതെ തകർന്ന ഹൃദയത്തോടെ മടങ്ങി.
ആറുമാസത്തിനുശേഷം, ശീതകാലത്തിന്റെ അവസാനത്തിൽ, ആകെ വൃത്തിഹീനമായ നിലയിൽ, എന്നാൽ നിശ്ചയദാർഢ്യത്തോടെ ബോബി അവരുടെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. ബോബി എങ്ങനെയോ ദീർഘവും അപകടകരവുമായ യാത്ര നടത്തി, നദികളും മരുഭൂമിയും മഞ്ഞുമൂടിയ പർവതങ്ങളും കടന്ന് താൻ ഇഷ്ടപ്പെടുന്നവരുടെ വീട്ടിലേക്കുള്ള വഴി കണ്ടെത്തി.
ബോബിയുടെ അന്വേഷണം പുസ്തകങ്ങൾ, സിനിമകൾ, അവന്റെ പട്ടണത്തിൽ സ്ഥാപിച്ച ഒരു ചുവർചിത്രം എന്നിവയ്ക്കു പ്രചോദനമായി. അവന്റെ യജമാനഭക്തി ഉള്ളിലെ ഒരു തന്ത്രിയിൽ വിരൽ തട്ടി, കാരണം ഒരുപക്ഷേ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അതിലും ആഴത്തിലുള്ള ആഗ്രഹം സ്ഥാപിച്ചതുകൊണ്ടാകാം. പുരാതന ദൈവശാസ്ത്രജ്ഞനായ അഗസ്റ്റിൻ അതിനെ ഇപ്രകാരം വിവരിച്ചു: “നീ ഞങ്ങളെ നിനക്കായി സൃഷ്ടിച്ചു, ഞങ്ങളുടെ ഹൃദയങ്ങൾ നിന്നിൽ വിശ്രമിക്കുന്നതുവരെ അവ അസ്വസ്ഥമായിരിക്കും.” യെഹൂദാ മരുഭൂമിയിൽ, തന്നെ പിന്തുടരുന്നവരെ ഭയന്ന് ഒളിരിച്ചിക്കുമ്പോൾ ദാവീദ് ഒരു പ്രാർത്ഥനയിൽ അതേ വാഞ്ഛ നിരാശാജനകമായി എന്നാൽ വളരെ വാഗാചാതുര്യത്തോടെ പ്രകടിപ്പിച്ചു: “ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു” (സങ്കീർത്തനം 63:1).
ദാവീദ് ദൈവത്തെ സ്തുതിച്ചതിനു കാരണം അവന്റെ “ദയ ജീവനേക്കാൾ നല്ലതാണ് ” (വാ. 3). അവനെ അറിയുന്നതുമായി ഒന്നിനെയും താരതമ്യപ്പെടുത്താനാവില്ല! യേശുവിലൂടെ, ദൈവം നമ്മെ അന്വേഷിക്കുകയും - നാം ഒരിക്കൽ എത്ര അകലെയായിരുന്നു എന്നതോർക്കാതെ - അവന്റെ പൂർണതയുള്ള സ്നേഹത്തിന്റെ വീട്ടിലേക്ക് നമുക്കു വരാൻ വഴിയൊരുക്കുകയും ചെയ്തു. നാം അവനിലേക്കു തിരിയുമ്പോൾ, നമ്മുടെ ഹൃദയത്തിന്റെ യഥാർത്ഥ ഭവനം നാം കണ്ടെത്തുന്നു.
കണ്ണാടി പരീക്ഷ
“ആരാണ് കണ്ണാടിയിൽ?” സ്വയം തിരിച്ചറിയുന്നതിനുള്ള പരീക്ഷ നടത്തുന്ന മനഃശാസ്ത്രജ്ഞർ കുട്ടികളോടു ചോദിച്ചു. പതിനെട്ടു മാസമോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾ സാധാരണയായി കണ്ണാടിയിലെ ചിത്രവുമായി സ്വയം ബന്ധപ്പെടുത്താറില്ല. എന്നാൽ കുട്ടികൾ വളരുമ്പോൾ, അവർ തങ്ങളെത്തന്നെയാണ് നോക്കുന്നതെന്ന് അവർക്കു മനസ്സിലാക്കാൻ കഴിയും. ആരോഗ്യകരമായ വളർച്ചയുടെയും പക്വതപ്രാപിക്കലിന്റെയും ഒരു പ്രധാന അടയാളമാണ് സ്വയം തിരിച്ചറിയൽ.
യേശുവിലുള്ള വിശ്വാസികളുടെ വളർച്ചയെ സംബന്ധിച്ചു ഇതു പ്രധാനമാണ്. യാക്കോബ് കണ്ണാടിയിലുള്ള രൂപം തിരിച്ചറിയുന്ന പരീക്ഷയുടെ ഒരു രൂപരേഖ നൽകുന്നു. കണ്ണാടി ദൈവത്തിൽ നിന്നുള്ള “സത്യത്തിന്റെ വചനം” ആണ് (യാക്കോബ് 1:18). നാം തിരുവെഴുത്തുകൾ വായിക്കുമ്പോൾ, നാം എന്താണു കാണുന്നത്? അവ സ്നേഹത്തെയും താഴ്മയെയും വിവരിക്കുമ്പോൾ നാം നമ്മെത്തന്നെ തിരിച്ചറിയുന്നുണ്ടോ? നാം ചെയ്യണമെന്നു ദൈവം നമ്മോടു കല്പിക്കുന്ന കാര്യങ്ങൾ വായിക്കുമ്പോൾ നാം നമ്മുടെ പ്രവൃത്തികൾ കാണുന്നുണ്ടോ? നാം നമ്മുടെ ഹൃദയത്തിലേക്കു നോക്കുകയും നമ്മുടെ പ്രവൃത്തികൾ പരിശോധിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ പ്രവൃത്തികൾ ദൈവം നമ്മിൽനിന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളോടു യോജിക്കുന്നുണ്ടോ അതോ നാം മാനസാന്തരം തേടുകയും മാറ്റം വരുത്തുകയും ചെയ്യേണ്ടതുണ്ടോ എന്നു തിരിച്ചറിയാൻ തിരുവെഴുത്തുകൾക്കു നമ്മെ സഹായിക്കാനാകും.
കേവലം തിരുവെഴുത്തു വായിച്ച് മടക്കിവെച്ചിട്ടു പോകരുതെന്ന് യാക്കോബ് മുന്നറിയിപ്പ് നൽകുന്നു, അങ്ങനെ ചെയ്താൽ നാം കോട്ടതു മറന്നുകൊണ്ട് “നമ്മെത്തന്നെ ചതിക്കുകയാണ്” (വാ. 22). ദൈവത്തിന്റെ പദ്ധതികൾക്കനുസരിച്ച് വിവേകത്തോടെ ജീവിക്കാനുള്ള ഭൂപടം ബൈബിൾ നമുക്കു നൽകുന്നു. നാം അത് വായിക്കുകയും ധ്യാനിക്കുകയും ദഹിപ്പിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ ഹൃദയത്തിലേക്കു നോക്കാനുള്ള കണ്ണുകളും ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള ശക്തിയും നൽകണമെന്ന് നമുക്ക് അവിടുത്തോട് ആവശ്യപ്പെടാൻ കഴിയും.